തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ചതുള്‍പ്പെടെ അപേക്ഷകളില്‍ തരംമാറ്റി മുൻഗണന വിഭാഗത്തിലാക്കിയ 45,127 റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.രാവിലെ 11ന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. നവകേരള സദസ്സില്‍ മുന്‍ഗണന കാര്‍ഡിനായി ലഭിച്ച 12,302 അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരെന്ന് കണ്ടെത്തിയ 590 പേര്‍ക്ക് ഇതിനോടൊപ്പം മുന്‍ഗണന കാര്‍ഡുകള്‍ നല്‍കും. ശേഷിക്കുന്ന അപേക്ഷകളില്‍ പരിശോധന നടത്തിവരികയാണ്. വ്യാഴാഴ്ചയിലെ കാര്‍ഡ് വിതരണം കൂടി പൂര്‍ത്തിയാകുമ്പോള്‍ ഈ സര്‍ക്കാര്‍ തരംമാറ്റി നല്‍കിയ മുൻഗണന കാര്‍ഡുകളുടെ എണ്ണം 4,12,913 ആയി വര്‍ധിക്കുമെന്നും മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.