ദക്ഷിണ വ്യോമസേന ആസ്ഥാനത്തിൻ്റെ സ്ഥാപക ദിനത്തിൻ്റെ 40-ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി, പുതിയ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം ആഗസ്റ്റ് 26-ന് വൈകിട്ട് 4:30 മുതൽ ശംഖുമുഖം വ്യോമസേനാ ടാർമാക്കിൽ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം പൊതുജനങ്ങൾക്ക് സൗജന്യമാണ്. സ്റ്റാറ്റിക് ഡിസ്‌പ്ലേ ഏരിയയിലേക്ക് പ്രവേശിക്കുന്നവർ ഫോട്ടോ ഐഡൻ്റിറ്റി കാർഡ് കൈയിൽ കരുതണം. ബാഗുകൾ അനുവദനീയമല്ല. എന്നിരുന്നാലും, സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി സ്ത്രീകളുടെ ഹാൻഡ് ബാഗുകളും, പഴ്സും അനുവദനീയമാണ്.
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (തേജസ്), സുഖോയ്-30 MKI, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) സാരംഗ്, ആവ്‌റോ എയർക്രാഫ്റ്റ്, രോഹിണി റഡാർ, ഐജിഎൽഎ, ഗരുഡ് സ്പെഷ്യൽ ഫോഴ്‌സ് ടീം തുടങ്ങിയ വിവിധ വ്യോമസേനാ വിമാനങ്ങളുടെയും, യുദ്ധ ഉപകരണങ്ങളുടെയും പ്രദർശനം സ്റ്റാറ്റിക് ഡിസ്‌പ്ലേയിൽ ഉണ്ടായിരിക്കും.
ദക്ഷിണ വ്യോമസേനയുടെ നേതൃത്വത്തിൽ നടത്തിട്ടുള്ള സുപ്രധാന പ്രവർത്തനങ്ങളും മാനുഷിക സഹായവും ദുരന്ത നിവാരണ ദൗത്യങ്ങളും ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ, തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ഉപകരണങ്ങളും പ്രദർശനത്തിൽ ഉണ്ടായിരിക്കും. യുവതലമുറയെ പ്രചോദിപ്പിക്കാനായി,
ആദ്യമായി എയർഫോഴ്‌സ് പാരാ ഹാൻഡ് ഗ്ലൈഡർ തിരുവനന്തപുരത്ത് എത്തിക്കുന്നതാണ്.
കൂടാതെ, ആഗസ്റ്റ് 26-ന് വൈകുന്നേരം 6.30 മുതൽ ശംഖുമുഖം ബീച്ചിൽ എയർഫോഴ്സ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. ഇന്ത്യൻ എയർഫോഴ്‌സിന്റെ കഴിവ് പ്രകടിപ്പിക്കാനും ഇന്ത്യൻ എയർഫോഴ്‌സിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കാനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.