മരട്: റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മോഷ്ടിക്കുകയും മോഷ്ടിച്ചവരില്നിന്ന് വാഹനങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുന്നവരുമായ സംഘത്തിലെ ആറുപേര്‍ പിടിയില്‍.കാസര്‍കോട് ബദിയടുക്ക അരിയപ്പാടി കൊട്ടവീട്ടില് മുഹമ്മദ് അഷ്റഫ് (43), കോഴിക്കോട് അന്‍വാര്‍ശേരി മാക്കൂട്ടം കോളനി രതീഷ് (40), കാഞ്ഞിരമറ്റം നടത്തിപ്പറമ്ബില് വീട്ടില്‍ ഷിഹാബുദ്ദീന് (35), തലയോലപ്പറമ്ബ് കരിപ്പാലം പാലക്കല്‍ വീട്ടില്‍ ഷബീബ് (43), വൈക്കം കരിപ്പാടം കളപ്പുരയില്‍ വീട്ടില്‍ നൗഫല്‍ (44), തമിഴ്നാട് സ്വദേശിയും വൈക്കത്ത് വാടകക്ക് താമസിക്കുന്നയാളുമായ മാരിമുത്തു (57) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്.റോഡരികില്‍ തകരാര്‍മൂലം ഇടുന്ന വാഹനങ്ങളും വര്‍ക്ക് ഷോപ് പരിസരത്ത് കിടക്കുന്നവയുമാണ് മോഷ്ടിച്ചിരുന്നത്. മുഹമ്മദ് അഷ്റഫും രതീഷും പുലര്‍ച്ച കാറില്‍ കറങ്ങിനടന്ന് വാഹനങ്ങള്‍ കണ്ടുവെക്കുകയും കാറില്‍തന്നെ കെട്ടിവലിച്ച് കൊണ്ടുപോകുകയുമായിരുന്നു പതിവ്.അറസ്റ്റിലായ പ്രതികള്‍
കുമ്പളം ടോള്‍ ഭാഗത്ത് തകരാര്‍മൂലം പാര്‍ക്ക് ചെയ്തിരുന്ന മാടവന സ്വദേശിയുടെ ഇന്‍ഡിക്ക കാര്‍ മോഷണം പോയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. വൈറ്റിലയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും വാഹനങ്ങള്‍ ഈ രീതിയില്‍ മോഷ്ടിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.