ഇടവെട്ടിയിലും കരിമണ്ണൂരിലുമായി നടന്ന തെരുവ് നായ ആക്രമണം; 8 പേർക്ക് പരിക്ക്

തൊടുപുഴ: ഇടവെട്ടിയിലും കരിമണ്ണൂരിലുമായി നടന്ന തെരുവ് നായ ആക്രമണത്തില്‍ വനിതകളക്കടക്കം എട്ട് പേര്‍ക്ക് കടിയേറ്റു. ഇടവെട്ടിയില്‍ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സംശയം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇടവെട്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടയത്തൂര്‍ സ്വദേശി കാക്കനാട്ട് അഭിജിത്തിനാണ് (19) ഇടവെട്ടിച്ചിറയ്ക്ക് സമീപം റോഡില്‍ നിന്ന് ആദ്യം കടിയേറ്റത്. പിന്നാലെ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയായ പയ്യപ്പിള്ളി രഹനയെ (37) ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി പട്ടി ആക്രമിച്ചു. അഭിജിത്തിനെ നായ കടിക്കുന്നത് കണ്ട് ഓടിമാറാന്‍ ശ്രമിക്കുമ്ബോഴായിരുന്നു ആക്രമണം. ഇതുകണ്ട് രക്ഷിക്കാനെത്തിയ രഹനയുടെ അച്ഛനെയും അമ്മയെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നാലെ ഇവിടെ നിന്ന് ഓടിപ്പോയ നായ തൊണ്ടിക്കുഴ കനാല്‍ അക്വഡേറ്റിന് സമീപത്തെ പുതിയപാലത്തില്‍ വച്ച്‌ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങി വന്ന ഇടവെട്ടി മാന്തടത്തില്‍ ഷീജ ഹരിയെ (39) ആക്രമിച്ചു. കാലിനും കൈയ്ക്കും ആഴത്തില്‍ കടിയേറ്റു. സഹായിക്കാനെത്തിയ ബൈക്ക് യാത്രികനെയും തൊടുപുഴ ജോയിന്റ് ആര്‍.ടി.ഒ ഓഫീസ് ജീവനക്കാരനെയും ഇടവെട്ടി തട്ടുംപുറത്ത് മനോജിനെയും (52) നായ ആക്രമിച്ചു. പ്രദേശത്തെ ഒരു വളര്‍ത്ത് നായയെയും കടിച്ചു. പിന്നീട് മരവെട്ടിച്ചുവട് പാലത്തിന് സമീപം വച്ച്‌ വലോമറ്റത്തില്‍ കരുണാകരനെ ആക്രമിച്ചു. എല്ലാവരും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. നായയെ പിടികൂടാനായിട്ടില്ല. നായയെ പിടിക്കാനായി രാത്രിയോടെ ഡോഗ് ക്യാച്ചറെ എത്തിച്ചതായും ഉടനെ നായയെ പിടികൂടുമെന്നും പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് പറഞ്ഞു.കരിമണ്ണൂര്‍ ടൗണില്‍ മൂന്നു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ടൗണില്‍ പെട്ടിക്കട നടത്തുന്ന ദാമോദരന്‍, അസി, ഒരു സ്ത്രീ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കിളിയറ ഭാഗത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ടുപേരെ ഓടിച്ചിട്ട് കടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സമീപത്തെ വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ടൗണിലെത്തിയ നായ ആളുകളെ കടിച്ചത്. ഈ നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 1 =