കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ തീയറ്റര്‍ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. കുലശേഖരപുരം സ്വദേശി ആഷിഖിനെയാണ് കരുനാഗപ്പളളി പോലീസ് പിടികൂടിയത്.ഇന്നലെ സിനിമ കാണാന്‍ തീയറ്ററിലെത്തിയ ആഷിഖ് മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ ഇരിക്കാന്‍ ശ്രമം നടത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തീയറ്ററിലെ ഡ്യൂട്ടി ഓഫീസറെത്തി സീറ്റ് മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കമുണ്ടായി. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ആഷിഖ് ഡ്യൂട്ടി ഓഫീസര്‍ക്ക് നേരെ വീശി. ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാരെയാണ് പ്രതി കുത്തി വീഴ്ത്തിയത്.തീയറ്റര്‍ ജീവനക്കാരായ അനീഷ്, അഭിജിത്ത്, അഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ കരുനാഗപ്പള്ളി പോലീസ് ബലപ്രയോഗത്തിലൂടെയാണ് ആഷിഖിനെ കീഴ്പ്പെടുത്തിയത്. തീയറ്റര്‍ ജീവനക്കാരുടെ പരാതിയില്‍ ആഷിഖിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.