കോട്ടയം: ടിപ്പര്‍ ലോറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.കോട്ടയം എംവിഡി ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്‌ടര്‍മാരായ ബി.ഷാജന്‍, എസ്.അജിത്, എം.ആര്‍.അനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ മൂവരും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മാസം 20 ന് നടത്തിയ ഓപ്പറേഷന്‍ ഓവര്‍ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എംസി റോഡില്‍ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത വേഗതയില്‍ പോയ വാഹനങ്ങള്‍ കണ്ടെത്തിയിരുന്നത്.ഈ വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്നത് പിടികൂടാതിരിക്കാന്‍ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയതായി വിജിലന്‍സ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.