പൂക്കോട്ടുംപാടം: തമിഴ്‌നാട് നാഗര്‍കോവിലില്‍ ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയയാള്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം മലപ്പുറം നിലമ്ബൂര്‍ പൂക്കോട്ടുംപാടത്ത് അറസ്റ്റിലായി.തമിഴ്‌നാട് തിരുനെല്‍വേലി അഴകിയ പാണ്ടിപുരം സ്വദേശി റഷീദാണ് (48) അറസ്റ്റിലായത്. പൂക്കോട്ടുംപാടം ചുള്ളിയോടു നിന്ന് വിവാഹം കഴിച്ച് കുടുംബമായി താമസിച്ചുവരികയായിരുന്നു.
2005-ല്‍ നാഗര്‍കോവിലില്‍ ഭൂതപാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കൊലപാതകം.രണ്ട് മുതലാളിമാര്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ ഒരു വിഭാഗം എതിര്‍വിഭാഗത്തിലെ രണ്ടുപേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇവയിലൊന്നില്‍ മൂന്നാം പ്രതിയും രണ്ടാമത്തേതില്‍ ആറാംപ്രതിയുമായ റഷീദിനെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. ശേഷം മലപ്പുറത്തെത്തിയ പ്രതി ചുള്ളിയോടു നിന്ന് വിവാഹം കഴിച്ചു. ടാപ്പിംഗ് ജോലി ചെയ്തിരുന്ന ഇയാള്‍ ഇതിനിടെ ജോലി തേടി വിദേശത്തേക്ക് പോയി. അടുത്തിടെയാണ് തിരിച്ചെത്തിയത്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൂക്കോട്ടുംപാടം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.