പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ പാലക്കാട് ഭൂരേഖ തഹസില്‍ദാർ റിമാൻഡില്‍. പാലക്കാട് സ്വദേശി വി.സുധാകരനെയാണ് തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി മൂന്ന് വരെയാണ് റിമാൻഡ്. ഇക്കഴിഞ്ഞ ശനിയാഴ്ച കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സുധാകരനെ പിടികൂടിയത്. വിലകൂടിയ വിദേശ മദ്യവും ചോക്ലേറ്റുകളും പെർഫ്യൂമുകളും സുധാകരൻ കൈക്കൂലിയായി കൈപ്പറ്റിയ ദൃശ്യങ്ങള്‍ പരാതിക്കാരൻ വിജിലൻസിന് കൈമാറിയിരുന്നു. ഹൈക്കോടതി ഉത്തരവ് സഹിതം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും അര ലക്ഷം രൂപ കൈക്കൂലി ചോദിച്ച് വാങ്ങവെയാണ് തഹസീല്‍ദാര്‍ സുധാകരൻ പിടിയിലാകുന്നത്.