ഇരിട്ടി: വയറുവേദനയെത്തുടര്‍ന്ന് ചികിത്സതേടി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു.ഉളിക്കല്‍ അറബി സ്വദേശിനിയാണ് ഇന്നലെ വയറുവേദനയെത്തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടെ ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോള്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സഹായത്താല്‍ ആശുപത്രി വാര്‍ഡിലേക്കു മാറ്റി പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അമ്മയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. ഇരിട്ടിയിലെ പാരലല്‍ കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ഇന്നലെ രാവിലെ അമ്മയോടൊപ്പം അയല്‍വാസിയുടെ ഓട്ടോറിക്ഷയില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയത്. ഡോക്ടറെ കാത്തുനില്‍ക്കവേ വേദന അസഹ്യമായതോടെ ശുചിമുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെയും നവജാതശിശുവിന്‍റെയും കരച്ചില്‍ കേട്ടാണു പുറത്തുനില്‍ക്കുന്നവര്‍ വിവരം അറിയുന്നത്.