പന്തീരാങ്കാവ്: ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വരുകയായിരുന്ന ഉമ്മയുടെയും മകളുടെയും മൊബൈല്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.എടക്കര ചെറിയാടന്‍ മന്‍സൂറിനെയാണ് (36) മൂന്നുമാസത്തോളം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ എറണാകുളത്ത് പിടികൂടിയത്. ആശുപത്രിയില്‍ നിന്ന് വരുമ്ബോള്‍ പൊക്കുന്നുവെച്ചാണ് പുത്തൂര്‍മഠം സ്വദേശിനിയായ സ്ത്രീയുടെയും മകളുടെയും മൊബൈല്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍നിന്ന് നഷ്ടപ്പെട്ടത്. നിരന്തരമായി മൊബൈല്‍ നമ്ബറുകള്‍ മാറ്റുന്ന പ്രതിയെ ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കുശേഷമാണ് പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.എടക്കര, ചെര്‍പ്പുളശ്ശേരി, നിലമ്ബൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നേരത്തെ ഇയാള്‍ക്കെതിരെ വഞ്ചനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച ശേഷമാണ് പുതിയ കേസില്‍ ഇയാള്‍ പിടിയിലായത്. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീ പേരുകളിലൂടെ ആളുകളുമായി ബന്ധം പുലര്‍ത്തി തട്ടിപ്പിനിരയാക്കിയെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പാര്‍വതി എന്ന പേരില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശിയായ വ്യവസായിയില്‍നിന്ന് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസുണ്ട്. മിസ്ബ എന്ന പേരിലും ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.