കുന്നംകുളം: പഴഞ്ഞിയില്‍ മുടി വെട്ടിയ കൂലി ചോദിച്ചതിന് ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനെ ഇരുമ്ബ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി.പഴഞ്ഞി അയിനൂര്‍ കുളങ്ങര വീട്ടില്‍ പ്രകാശനെയാണ് (50) സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര കരുവാക്കുളം സ്വദേശി വട്ടപ്പറമ്ബില്‍ വീട്ടില്‍ ഗംഗാധരന്റെ മകന്‍ സതീശനെ (50) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇരുമ്ബ് പൈപ്പ് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയാണ് ആക്രമിച്ച് പരിക്കേല്‍പിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.പ്രതിയായ പ്രകാശന്‍ പതിവായി പഴഞ്ഞി ഹൈസ്കൂളിന് സമീപത്തെ കടയിലാണ് മുടി വെട്ടാന്‍ വരാറുള്ളത്. പലപ്പോഴും കൃത്യമായ തുക ഇയാള്‍ കൊടുക്കാറില്ലായിരുന്നു. സംഭവദിവസം കൂലി ചോദിച്ചതാണ് ആക്രമണത്തിന് കാരണം. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.