തൃശൂര്‍: അതീവ സുരക്ഷാമേഖലയായ ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയിലൂടെ ബൈക്കോടിച്ചതിന് അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.കണ്ടാണശ്ശേരി ആളൂര്‍ സ്വദേശി പ്രണവിനെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതോടെയാണ് പ്രണവ് കിഴക്കേനടയിലെ സുരക്ഷാ ഗേറ്റ് മറികടന്ന് കിഴക്കേഗോപുര നടയിലെത്തിയത്.നേര്‍വഴിയില്‍ പൂക്കളമിട്ടിരുന്നതിനാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപത്ത് കൂടെ പടിഞ്ഞാറെനടയിലെത്തി. പരിഭ്രാന്തരായ ഭക്തര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് വാഹനവുമായി പ്രവേശിച്ചു എന്ന കുറ്റമാണ് പ്രണവിനെതിരേ ചുമത്തിയിരിക്കുന്നത്.ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തത്. പെയിന്റിങ് തൊഴിലാളിയായ പ്രണവ് മദ്യപിച്ചാണ് ക്ഷേത്രനടയിലേക്ക് ബൈക്കിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സിനിമയ്ക്ക് പോകാനായി ഇറങ്ങിയപ്പോള്‍ പടിഞ്ഞാറെനടയിലേക്ക് എളുപ്പവഴി എന്ന നിലയിലാണ് ക്ഷേത്രനടയിലൂടെ ബൈക്കോടിച്ചതെന്നാണ് പ്രതിയുടെ മൊഴി.