കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസ് വളവിനു സമീപം പാതക്ക് കുറുകെ ചാടിയെത്തിയ കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്കും യാത്രികര്‍ക്കും പരിക്കേറ്റു.കുളത്തൂപ്പുഴ ആമക്കുളം ചതുപ്പില്‍ വീട്ടില്‍ ലോപ്പസ് (54), ആലഞ്ചേരി അരുണോദയം വീട്ടില്‍ ബാലകൃഷ്ണ പിള്ള (68), ഭാര്യ രമ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കുളത്തൂപ്പുഴയില്‍ നിന്ന് ആലഞ്ചേരിയിലേക്ക് സവാരി പോവുകയായിരുന്നു ഓട്ടോ. തിങ്കള്‍ക്കരിക്കം വില്ലേജ് ഓഫിസ് കഴിഞ്ഞു മുന്നോട്ട് പോകവേ സമീപത്തെ പുരയിടത്തില്‍ നിന്ന് വനത്തിലേക്ക് കൂട്ടമായി പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടമാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികിത്സ ആവശ്യമായ ബാലകൃഷ്ണപിള്ളയെയും രമയെയും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.