കോഴഞ്ചേരി: വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. റാന്നി ചെറുകോല്‍ അന്ത്യാളന്‍കാവില്‍ കൊന്നയ്ക്കല്‍ വീട്ടില്‍ സജിയുടെ ഭാര്യ ബ്ലെസി(30)യെയാണ് തോട്ടുങ്കല്‍പ്പടിയിലെ പി.ഐ.പി.കനാലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ കനാല്‍ നിറഞ്ഞാണ് ഒഴുകുന്നത്. അന്ത്യാളന്‍കാവില്‍ കൊന്നയ്ക്കല്‍ വീട്ടില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് മൃതദേഹം കണ്ടത്.
സജിയുടെ അമ്മ പുലര്‍ച്ചെ അഞ്ചിന് എഴുന്നേറ്റു നോക്കിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ കതക് തുറന്നനിലയില്‍ കണ്ടതായി പരാതിയില്‍ പറയുന്നു. സജിയെ വിളിച്ചുണര്‍ത്തി ബ്ലെസിയെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് അയല്പക്കത്തും ബന്ധുവീടുകളിലും വിളിച്ച് അന്വേഷിച്ചശേഷം സജി ആറന്മുള പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ബ്ലെസിയെ കാണാനില്ലെന്ന പരാതിയുമായി സജി സ്റ്റേഷനില്നില്ക്കുമ്ബോഴാണ് തോട്ടുങ്കല്‍പ്പടിയിലെ പി.ഐ.പി. കനാലില്‍ മൃതദേഹം കണ്ടതായി അറിഞ്ഞത്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജി ഏതാനും വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. നിലവില്‍ ടാങ്കറില്‍ വെള്ളമെത്തിക്കുന്ന ജോലിയാണ്.അടൂര്‍ ആര്.ഡി.ഒയുടെ നിര്‍ദേശപ്രകാരം കോഴഞ്ചേരി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ആറന്മുള പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി അസ്വാഭാവികമരണത്തിനു കേസെടുത്തു.