കോട്ടയം : ഇടുക്കി കീരിത്തോട് സ്വദേശി അഖില്‍ (31) പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമ്മയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.അച്ഛനെയും അമ്മയേയും ആശുപത്രിയിലേക്ക് കയറ്റിറിവിട്ടിട്ട്, താന്‍ പിന്നാലെ വരാമെന്ന് പറഞ്ഞ് അഖില്‍ കാറിനുള്ളില്‍ തന്നെ ഇരുന്നു .
ഏറെ നേരം കാത്തിരുന്നിട്ടും മകനെ കാണാതെ വന്നതോടെ അമ്മ തിരക്കി ഇറങ്ങി. പലയിടത്തും അന്വേഷിച്ചു. ഒടുവില്‍ ആശുപത്രിയിലെ മോര്‍ച്ചറിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് മകന്റെ മൃതദേഹം ആ അമ്മ കണ്ടെത്തിയത്.ഉള്ളില്‍നിന്ന് ലോക്ക് ചെയ്ത കാറിനുള്ളില്‍ കമഴ്ന്നു കിടന്ന നിലയിലായിരുന്നു അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകര്‍ത്ത് മൃതദേഹം പുറത്തെടുത്തു.