തൊടുപുഴ: മുന്നോട്ടെടുത്ത സ്‌കൂള്‍ ബസിന്റെ അടിയില്‍പെട്ട് ബസ് ജീവനക്കാരന്‍ അതിദാരുണമായി മരിച്ചു.മലയിഞ്ചി ആള്‍ക്കല്ല് പടിഞ്ഞാറയില്‍ ജിജോ (40) ആണ് ഇന്നലെ രാവിലെ ഉടുമ്ബന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ബസിന്റെ അടിയില്‍പെട്ടു മരിച്ചത്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന മകളുടെ കണ്‍മുന്നിലായിരുന്നു ജിജോയുടെ മരണം. ഏഴാനിക്കൂട്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിനു സമീപമായിരുന്നു അപകടം. ഇവിടെ നിര്‍ത്തി കുട്ടികളെ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ പുല്ലില്‍ ചവിട്ടി കാലുതെന്നി ജിജോ ബസിനടിയിലേക്കു വീഴുകയായിരുന്നു.
ഭാര്യ ആയയായി ജോലി ചെയ്യുന്ന ബസില്‍ അവരുടെ അഭാവത്തില്‍ പകരക്കാരനായി ജോലി ചെയ്യാനെത്തിയതായിരുന്നു ജിജോ. എന്നാല്‍ അത് മരണത്തിലേക്കുള്ള യാത്രയായി മാറുകയായിരുന്നു. ജിജോ കയറുന്നതിനു മുന്‍പ് ബസിലുള്ള വിദ്യാര്‍ത്ഥികള്‍ ബെല്ലടിച്ചതുകൊണ്ടാണ് ഡ്രൈവര്‍ ബസ് എടുത്തതെന്നു പറയുന്നുണ്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. മറ്റൊരു വാഹനം വന്നപ്പോള്‍ ബസ് റോഡിന്റെ അരികിലേക്കു മാറ്റാന്‍ വേണ്ടി എടുക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു.ജിജോയുടെ ഇളയ മകളായ 6ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എലിസബത്ത് ബസിലുണ്ടായിരുന്നു. അച്ഛന്‍ ബസ്സിനടിയില്‍പ്പെട്ടതു കണ്ട മകള്‍ റോഡില്‍ ഇറങ്ങി പിതാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റു വാഹനങ്ങള്‍ക്കു കൈനീട്ടി. ഇതുവഴി വന്ന ചീനിക്കുഴി പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പന്നാരക്കുന്നേലിന്റെ കാറില്‍ ജിജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല