മലപ്പുറം: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു. തിരൂര്‍ സ്വദേശിയായ സിദ്ദീഖ്(58)നെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഷിബിലി (22) ഫര്‍ഹാന (18) എന്നിവര്‍ പിടിയില്‍.കോഴിക്കോട് ചിക്ക് ബേക്ക് എന്ന ഹോട്ടല്‍ നടത്തുകയായിരുന്നു സിദ്ദീഖ്. നഗരത്തില്‍ താമസിച്ച് കച്ചവടം നടത്തുന്നയാളാണ്. സിദ്ധിഖ് സാധാരണഗതിയില്‍ വീട്ടില്‍ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു. എന്നാല്‍ സിദ്ദീഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പൊലീസില്‍ മിസിങ് കേസ് നല്‍കിയിരുന്നു.പിന്നീട് ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനെ കാണാതായതും ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയില്‍ നിന്ന് പിടിയിലാകുന്നത്.
കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ വെച്ച് സിദ്ദീഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും(22) പെണ്‍സുഹൃത്ത് ഫര്‍ഹാനയും(18) സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേര്‍ ഹോട്ടലിലെത്തിയെങ്കിലും തിരികെ പോവുമ്പോള്‍ രണ്ട് പേര് മാത്രമേയുണ്ടായിരുന്നൂവെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കുന്ന മൊഴി.
കൊലപെടുത്തിയതിന് ശേഷം സിദ്ദീഖിന്‍റെ മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്നാണ് പ്രതികള്‍ നല്‍കുന്ന മൊഴി. മൃതദേഹത്തിനായി നാളെ തിരച്ചില്‍ നടത്തും. ചെന്നൈയില്‍ നിന്ന് പ്രതികളെ മലപ്പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.