കടുത്തുരുത്തി: റോഡിലൂടെ നടന്നു പോയ യുവാവിനെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയി. രക്തംവാര്‍ന്ന് അര മണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്. ഇടയാഴം ഹരിജൻ കോളനിയില്‍ ജയേഷ് തിലകനെ (29) യാണ് ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ച രാത്രി ഏഴേമുക്കാലിന് ആദിത്യപുരം മാൻവെട്ടം റോഡിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുന്നതിനിടെ, പാഞ്ഞുവന്ന കാര്‍ ജയേഷിനെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. അപകടം കണ്ട് ഓടിയെത്തിയെങ്കിലും ചോര വാര്‍ന്ന നിലയിലായതിനാല്‍ ആദ്യം ആളുകള്‍ മടിച്ചുനിന്നു. പിന്നീട് അയല്‍ക്കാരെത്തിയാണ് ജയേഷിനെ മുട്ടുചിറ എച്ച്‌ജിഎം ആശുപത്രിയിലും അവിടെനിന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചത്.കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സമീപമുള്ള ഭാര്യവീട്ടിലേക്കു പോകുമ്പോഴാണ് അപകടം. കാര്‍ കണ്ടെത്താനായി ആദിത്യപുരത്തെസിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു.