അടിമാലി: നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്കു സമീപമാണ് നിയന്ത്രണം വിട്ട കാര്‍ 250 അടിയിലേറെ താഴ്ചയിലേക്കു മറിഞ്ഞത്. കാറില്‍ ഉണ്ടായിരുന്നവര്‍ വൻ ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അടിമാലി പൊളിഞ്ഞപാലം പുത്തൻപുരയ്ക്കല്‍ അബ്ദുല്‍ ഖാദര്‍ (50), ഭാര്യ റെജീന (46), അയല്‍വാസിയായ ബിജു (40), സഹോദരി ലാലി (47) എന്നിവരാണു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെയോടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ദുബായില്‍ ജോലി ചെയ്യുന്ന മകൻ അബ്ദുല്‍ റസാഖിനെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു മടങ്ങുമ്പോള്‍ അബ്ദുല്‍ ഖാദറും സംഘവും ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം എത്തിയപ്പോഴാണ് നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്കു മറിഞ്ഞത്. ഈറ്റത്തുറുവില്‍ തങ്ങിയാണു വാഹനം നിന്നത്.വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി എത്തി. രക്ഷാപ്രവര്‍ത്തനത്തിനു നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ചെരിവും മുള്‍പ്പടര്‍പ്പും തടസ്സമായി. ഇതോടെ അടിമാലിയില്‍ നിന്ന്അഗ്‌നിരക്ഷാസേനയും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് 2 മണിക്കൂര്‍ സമയത്തെ പ്രയത്‌നം കൊണ്ടാണ് വാഹനത്തിലുണ്ടായിരുന്ന 4 പേരെയും രക്ഷിച്ച് ദേശീയപാതയില്‍ എത്തിച്ചത്. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.