തിരുവനന്തപുരം ∙ രാജ്യത്തെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചു.ഈമാസം ഒന്‍പതിന് അബുദാബിയില്‍നിന്നെത്തിയ കൊല്ലം ജില്ലക്കാരനാണ് രോഗി (35). തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
അബുദാബിയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കമുണ്ടായ യുവാവ് ചെറിയ ലക്ഷണങ്ങളുള്ളപ്പോഴാണ് നാട്ടിലേക്കു മടങ്ങിയത്. മാതാപിതാക്കളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്കു രോഗലക്ഷണമില്ല. വിമാനത്തില്‍ അടുത്ത സീറ്റുകളിലിരുന്ന 11 പേര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു കൊല്ലം വരെയെത്തിച്ച ടാക്സി കാര്‍ ഡ്രൈവര്‍, വീട്ടില്‍നിന്നു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍, ഇവിടെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തിലാണ്.
വിമാനത്തിലും നാട്ടിലെത്തിയശേഷവും മറ്റുള്ളവരുമായി അടുത്ത സമ്ബര്‍ക്കം ഒഴിവാക്കിയിരുന്നെന്നും മാസ്ക്കും മുഴുനീള വസ്ത്രങ്ങളും ധരിച്ചിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. കൊല്ലത്തെ ആശുപത്രിയില്‍ നിന്നു ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയശേഷമാണ് സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചത്. മുന്‍പ് കോവിഡും ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയത് കേരളത്തിലായിരുന്നു. ആശങ്ക വേണ്ടെന്നും എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.