തിരുവനന്തപുരം: നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തിങ്കളാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമാകും. മാര്‍ച്ച് 30 വരെ 33 ദിവസമായി നടക്കുന്ന സമ്മേളനത്തിന്‍റെ പ്രധാന അജണ്ട അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 13 ദിവസം ധനാഭ്യര്‍ഥന ചര്‍ച്ചയാണ്. രണ്ടു ധനവിനിയോഗബില്ലുകളും സമ്മേളനം പാസാക്കും.സര്‍ക്കാറുമായി ഏറെനാളായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ അനുരഞ്ജനത്തിന്‍റെ പാതയിലാണെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് നയപ്രഖ്യാപനത്തിനായുള്ള അദ്ദേഹത്തിന്‍റെ സഭാപ്രവേശനം. നയപ്രഖ്യാപനം ഒഴിവാക്കി സഭാസമ്മേളനം നടത്താന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് മഞ്ഞുരുക്കത്തിന് വഴി തുറന്നത്. അതേസമയം, കഴിഞ്ഞ സമ്മേളനം പാസാക്കിയ സുപ്രധാന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല. നയപ്രഖ്യാപനത്തിനു ശേഷം ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. ആറു മുതല്‍ എട്ടു വരെ ബജറ്റ് പൊതുചര്‍ച്ച. എല്ലാ നടപടിയും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നിയമം നിര്‍മിക്കുന്നത് പാസാക്കുന്നതിനുവേണ്ടിയാണ്. കഴിഞ്ഞ സഭയിലെ ചില ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല. അത് ഒപ്പുവെക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ശുഭാപ്തിയിലാണു മുന്നോട്ടുപോകുന്നത് -സ്പീക്കര്‍ പറഞ്ഞു.