ഇടുക്കി: രാജാക്കാട് പനച്ചിക്കുഴിയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. കടബാധ്യതമൂലം രാജേന്ദ്രന്‍ ജീവനൊടുക്കുകയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശിയായ രാജേന്ദ്രന്‍ ഒരു വര്‍ഷം മുന്‍പാണ് അവിടെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റശേഷം മുല്ലക്കാനത്തേക്ക് താമസം മാറിയത്. മുല്ലക്കാനം, രാജാക്കാട്, പനച്ചിക്കുഴി എന്നിവിടങ്ങളിലായി ആറേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുകയായിരുന്നു. മുല്ലക്കാനത്തെ വാടക വീട്ടിലാണ് രാജേന്ദ്രനും കുടുംബവും താമസിക്കുന്നത്. ഏലത്തിന് വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ടതുക നല്‍കാന്‍ കഴിയാതെരാജേന്ദ്രന്‍ മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ കുരുമുളക് വിളവെടുക്കാനായി പോയ രാജേന്ദ്രന്‍ വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിലെ ജാതിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.