തിരുവല്ല: കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഷാ എന്റര്‍പ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം.ചങ്ങനാശ്ശേരി സ്വദേശി നദീര്‍ ഷായുടെ ഉടമസ്ഥതയിലുള്ള ഷാ എന്റര്‍പ്രൈസസിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇവരുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വാടക കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് പൂര്‍ണമായും കത്തിയത്. അടുക്കള പാത്രങ്ങളും മറ്റു പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും തീപിടിച്ചു നശിച്ചു. തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് പന്ത്രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നീക്കം ചെയ്തു. കെട്ടിടത്തോട് ചേര്‍ന്നുള്ള കടകളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായി. തിരുവല്ല പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.