ത്യശൂര്‍: ക്ഷേത്രക്കുളത്തിലെ ചളിയില്‍ പുതഞ്ഞ പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന് ദാരുണാന്ത്യം. ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ രവീന്ദ്രനാഥനാണ് (70) മരിച്ചത്.ഞായറാഴ്ച രാവിലെ ആറോടെ ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിലായിരുന്നു അപകടം സംഭവിച്ചത്. പേരക്കുട്ടികളായ ആദിത്യനും അര്ജുനനുമൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു രവീന്ദ്രനാഥന്‍. അദ്ദേഹത്തിന്റെ മകളുടെ മക്കളാണ് ഇരുവരും. അര്‍ജുനന്റെ കാല് ചളിയില്‍ പുതഞ്ഞതോടെ കുളത്തില്‍ മുങ്ങിത്താഴ്ന്നു. ഇത് കണ്ട് രക്ഷിക്കാനിറങ്ങിയ ആദിത്യനും കുളത്തില്‍ അകപ്പെട്ടു. രണ്ട് പേര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല.കുട്ടികള്‍ അപകടത്തില്‍പെട്ടത് കണ്ട് കുളത്തിലേക്ക് എടുത്ത് ചാടിയ രവീന്ദ്രനാഥന്‍ മുങ്ങിപ്പോകുകയായിരുന്നു. അപകടം നടക്കുമ്ബോള്‍ കുട്ടികളുടെ അച്ഛന് വിജയകുമാര്‍ ക്ഷേത്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഏറെ വൈകിയിട്ടും ഇവരെ കണാത്തതിനെ തുടര്‍ന്ന് വിജയകുമാര്‍ കുളക്കടവില്‍ എത്തിയപ്പോഴാണ് മക്കള്‍ മുങ്ങിത്താഴുന്നതായ് കണ്ടത്. ഉടന്‍ കുളത്തിലേക്ക് എടുത്ത് ചാടി കുട്ടികളെ രണ്ടുപേരെയും രക്ഷപ്പെടുത്തി. അല്പനേരം കഴിഞ്ഞാണ് രവീന്ദ്രനെ കാണാനില്ലെന്ന് മനസ്സിലാവുകയും തുര്‍ന്ന് കുളത്തില്‍ നടത്തിയ തെരച്ചിലില്‍ രവീന്ദ്രനെ കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.