വടക്കഞ്ചേരി ∙ മഞ്ഞപ്ര ചിറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്.മഞ്ഞപ്ര ചിറ കുന്നത്ത് വീട്ടില്‍ നാരായണനാണ് (55) പരുക്കേറ്റത്.ഇന്നലെ രാവിലെ പാടത്ത് നില്‍ക്കുമ്പോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നാരായണനെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ പല ഭാഗത്തായി 16 മുറിവുകള്‍ ഉള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.മലയോര മേഖലയില്‍ കാട്ടുപന്നികളുടെ ആക്രമണം തുടരുകയാണ്. ആഴ്ചകള്‍ക്കു മുന്‍പ് വടക്കഞ്ചേരി ചെക്കിണി സ്വദേശി സുരേഷ് കൃഷ്ണന്‍ (51) പുലര്‍ച്ചെ റോഡിലൂടെ പോകുമ്പോള്‍ പന്നി കുത്തിവീഴ്ത്തിയിരുന്നു. ആയക്കാട് കാട്ടുപന്നി കുറുകെചാടി ഓട്ടോറിക്ഷമറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ വടക്കഞ്ചേരി പഴയചന്തപ്പുര അബ്ദുല്‍ ഹക്കീം മരിച്ചത് കഴിഞ്ഞ മാസമാണ്.
ഒരുമാസം മുന്‍പ് ദേശീയപാത അഞ്ചുമൂര്‍ത്തി മംഗലത്ത് കാട്ടുപന്നി കാറിനു കുറുകെ ചാടി കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് 3 പേര്‍ക്കു പരുക്കേറ്റിരിന്നു. ഗുരുവായൂരിലേക്കു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറില്‍ പന്നി ഇടിക്കുകയായിരുന്നു.