നെടുങ്കണ്ടം :11 കെവി ലൈനില്‍ നിന്നും വൈദ്യുത ആഘാതമേറ്റ് ബോധരഹിതനായി വഴിയരുകില്‍ കിടന്ന ഗൃഹനാഥനെ യുവാവിന്റെ സമയോചിത ഇടപെടലില്‍ രക്ഷപെടുത്തി. തിങ്കളാഴ്ച രാവിലെ പുഷ്പകണ്ടം അണക്കരമെട്ട് റോഡിലാണ് സംഭവം. പുഷ്പകണ്ടം തടത്തില്‍ അബ്ദുല്‍ അസീസ് (70) നാണ് വൈദ്യുത ആഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ബോധരഹിതനായി റോഡിലേക്ക് വീണത്. കര്‍ഷകനായ അബ്ദുല്‍ അസീസ് ഏലച്ചെടികള്‍ നനക്കനായി സ്ഥാപിച്ചിരുന്ന ഇരുമ്ബ് പൈപ്പുകള്‍ എടുത്ത് മാറ്റുന്നതിനിടെ താഴ്ന്ന് കിടന്ന 11 കെവി ലൈനില്‍ ഇരുമ്ബ് പൈപ്പ് തട്ടി. വൈദ്യുത ആഘാതമേറ്റതോടെ പുരയിടത്തില്‍ നിന്നും റോഡരുകിലേക്ക് തെറിച്ചു വീണു.ഇതിനിടെയാണ് അണക്കരമെട്ട് പുത്തന്‍ചിറയില്‍ അഖില്‍ റോഡിലൂടെ കടന്നു വന്നത്. അബ്ദുല്‍ അസീസിന്റെ അടുക്കല്‍ എത്തിയപ്പോള്‍ നേരിയ ചലനം മാത്രമെ ഉണ്ടായിരുന്നുള്ളു. സമീപത്ത് ഇരുമ്ബ് പൈപ്പ് കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ അബ്ദുല്‍ അസീസിന് വൈദ്യുത ആഘാതമേറ്റെന്ന് അഖിലിന് മനസിലായി. നിലത്ത് കിടന്ന അബ്ദുല്‍ അസീസിന് ശ്വാസ്വാേഛാസം വീണ്ടെടുക്കാന്‍ പറ്റാവുന്ന വിധത്തില്‍ നെഞ്ചില്‍ നന്നായി അമര്‍ത്തിക്കൊടുത്തു.
ഇതിനിടെ സമീപവാസികളായ ഷൈല, നബീസ എന്നിവരും എത്തി. മറ്റൊരു വാഹനത്തില്‍ കയറ്റി അബ്ദുല്‍ അസിസിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കി അബ്ദുല്‍ അസീസിനെ വാഹനത്തിലേക്ക് കയറ്റിയപ്പോള്‍ കൈകള്‍ക്ക് അനക്കം വെച്ചു. 2 കാലുകള്‍ക്കും കൈമുട്ടിനും വയറിനും പൊള്ളലേറ്റു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ അസീസ് ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.