പോത്തന്‍കോട്: ചെമ്ബഴന്തി ആനന്ദേശ്വരത്ത് സുഹൃത്തിന്റെ വീടിന്റെ വരാന്തയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.ആനന്ദേശ്വരം ചെറുവട്ടിക്കോണത്ത് ജയന്‍ എന്ന ജയചന്ദ്രനെയാണ് (62) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയചന്ദ്രന്റെ സുഹൃത്ത് സതീഷിന്റെ വീടിന്റെ വരാന്തയില്‍ ചെവിയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നത്.ഇരുവരും ഇവിടെ ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.30ന് മറ്റൊരു സുഹൃത്തുമായി ഇവിടെയെത്തി ഒരുമിച്ചു മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനുശേഷം സതീഷ് ഉറങ്ങാന്‍ മുറിയിലേക്ക് പോയിരുന്നു. രാവിലെ സതീഷ് നോക്കിയപ്പോള്‍ വരാന്തയില്‍ ജയന്‍ കിടന്നുറങ്ങുകയാണെന്ന് കരുതി മുഖത്ത് വെള്ളം തളിച്ചശേഷം ജംഗ്ഷനിലെകടയില്‍ ചായ കുടിക്കാന്‍ പോയി. രാത്രിയില്‍ ഒപ്പമുണ്ടായിരുന്ന സമീപത്ത് താമസിക്കുന്ന സുഹൃത്ത് അതുവഴിവന്നപ്പോള്‍ ജയന്‍ കിടക്കുന്നത് കണ്ടതോടെ അടുത്തുചെന്നു നോക്കി. മരിച്ചെന്ന് സംശയം തോന്നിയതോടെ ആളുകളെ വിളിച്ചുകൂട്ടി കഴക്കൂട്ടം പൊലീസില്‍ അറിയിക്കുകയായിരുന്നു.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.