മാനന്തവാടി: റബ്ബര്‍ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥനു പൊള്ളലേറ്റ് ദാരുണാന്ത്യം.മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുല്‍പ്പറമ്പില്‍ തോമസ് (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തുള്ള തോട്ടത്തിലായിരുന്നു ദാരുണമായ അപകടം.തോട്ടത്തിലെ കാട് കത്തിക്കാന്‍ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടില്‍നിന്നിറങ്ങിയത്. തോട്ടത്തില്‍നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികള്‍ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. എന്നാല്‍ സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്‌നിരക്ഷാസംഘം ആംബുലന്‍സ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്.
മാനന്തവാടി ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കുമ്പോഴാണ് തീയില്‍ ആളകപ്പെട്ടത് മനസ്സിലായത്. ഉടന്‍തന്നെ ഫയര്‍സ്റ്റേഷന്റെ വാഹനത്തില്‍ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.