കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം : കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 85 ശതമാനം പൊള്ളലേറ്റ ശശിധരന്‍ നായര്‍ക്ക് ഇപ്പോഴും ഓക്സിജന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. മടവൂര്‍ സ്വദേശിയ പ്രഭാകരക്കുറുപ്പിനോയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാള്‍ തീകൊളുത്തി കൊന്നത്. അതേ സമയം ശശിധരന്‍ നായര്‍ക്ക് കൂട്ടാളിയായി ഒരാള്‍ ഉണ്ടായിരുന്നെന്ന വാദം തള്ളുകയാണ് പള്ളിക്കല്‍ പൊലീസ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.കിളിമാനൂര്‍-പാരിപ്പള്ളി റോഡിനോട് ചേര്‍ന്ന പ്രഭാകരക്കുറുപ്പിന്‍റെ വീട്ടില്‍ വിമുക്തഭടനായ ശശിധരന്‍ നായര്‍ പെട്രോളും ചുറ്റികയുമായി എത്തി, ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനെ പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത്, ആളിക്കത്തിനില്‍ക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയും.വീടിന്‍റെ മുറ്റത്ത് ശശിധരന്‍നായര്‍ പൊള്ളലേറ്റ നിലയില്‍ ഇരിക്കുന്നുണ്ടായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും 90 ശതമാനം പൊള്ളലേറ്റ വിമലാകുമാരി വൈകീട്ടും മരണമടഞ്ഞു. 85 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെ‍ഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ശശിധരന്‍ നായര്‍ക്ക് വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മകന്‍റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ചാണ് ശശിധരന്‍ നായര്‍ എന്നയാളുടെ കൊടുംക്രൂരത. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്‍റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്റിനിലേക്ക് ജോലിക്കായി പോയിരുന്നു. നല്ല ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ശശിധരന്‍നായരുടെ മകന്‍ വിദേശത്ത് ജീവനൊടുക്കി. മകന്‍ മരിക്കാന്‍ കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച്‌ ശശിധരന്‍ നായര്‍ നിയമനടപടികളുമായി മുന്നോട്ടുപോയി. അതിനിടയില്‍ ശശിധരന്‍നായരുടെ മകളും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ശശിധരന്‍നായര്‍ കൊടുത്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ പ്രതികാരം ചെയ്യാന്‍ ശശിധരന്‍ നായര്‍ തീരുമാനിക്കുകയായിരുന്നു. കാത്തിരുന്ന് പകതീര്‍ക്കാനെത്തിയ ശശിധരന്‍ നായര്‍ക്ക് സഹായവുമായി മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one + 20 =