തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍.അട്ടകുളങ്ങര ടി.സി 39/2211 ശ്രീവള്ളിയില്‍ ഗോപീകൃഷ്ണന്‍ ആണ് (31) അറസ്റ്റിലായത്. ഭാര്യ ദേവിക ആണ് (22) കഴിഞ്ഞ 17ന് മരിച്ചത്. മൂന്നു മാസം ഗര്‍ഭിണിയായിരുന്നു ദേവിക. നിരന്തരമുള്ള ഭര്‍തൃപീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ശ്രീചിത്രയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോതെറപ്പിസ്റ്റായ ഗോപീകൃഷ്ണന്‍ കഴിഞ്ഞ കുറെനാളുകളായി ദേവികയെ മര്‍ദിക്കുന്നത് പതിവായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മര്‍ദനമേറ്റ് ദേവിക ആശുപത്രിയില്‍ ചികിത്സതേടിയ രേഖകളും പൊലീസ് ശേഖരിച്ചു. ഒരു ചെവിയുടെ കേള്‍വി ശേഷി 40 ശതമാനം നഷ്ടപ്പെട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.ഫോര്‍ട്ട് പൊലീസ് സി.ഐ രാകേഷിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ഭര്‍തൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ പിതാവ് ബാബു നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.