അയര്‍ക്കുന്നം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്ബില്‍ സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമെന്നു കരുതുന്നു. അതേസമയം മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.കളിക്കാന്‍ പോയ മകന്‍ ദേവാനന്ദ് വീട്ടില്‍ തിരികെ എത്തിയപ്പോഴാണു മരണ വിവരം പുറം ലോകം അറിയുന്നത്. ദേവാനന്ദ് നിരവധി തവണ വിളിച്ചെങ്കിലും കതക് തുറക്കാതിരുന്നതിനെ തുടര്‍ന്നു പിന്നിലെത്തി അടുക്കളവാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണു ദാരുണ സംഭവം കാണുന്നത്. മഞ്ജുള നിലത്തു കിടക്കുന്ന നിലയിലും സുനില്‍കുമാര്‍ തൂങ്ങിയ നിലയിലുമായിരുന്നു. ദേവാനന്ദ് ബഹളം വച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ ഓടിയെത്തി.
മഞ്ജുളയ്ക്കു ജീവനുണ്ടെന്നു കണ്ടതിനാല്‍ ഉടന്‍ തന്നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ജുളയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. കഴുത്തില്‍ പാട് കണ്ടെത്തിയിരുന്നു.മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സുനില്‍കുമാറിന്റെ മൃതദേഹം പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.