തിരുവനന്തപുരം :- അനന്തപുരിയിലെ ഈ വർഷത്തെ നവരാത്രി പൂജയ്ക്കായി തമിഴ്നാട്ടിലെ ശുചീന്ദ്രത്തു നിന്നും യാത്ര ആരംഭിക്കുന്ന നവരാത്രി വിഗ്രഹഘോഷയാത്രയിലെ ആദ്യ വിഗ്രഹമായ ശുചീന്ദ്രം മുൻ ഉദിത്തനങ്ക ദേവീ 30-9-2024 ന് രാവിലെ 8 നും 9 നും ഇടയ്ക്ക് ക്ഷേത്രത്തിൽ നിന്നും പുറത്തെഴുന്നള്ളി സ്ഥാണുമാലയ പെരുമാൾ സന്നിധി വലംവച്ച് വഴിനീളെ സ്വീകരങ്ങൾ ഏറ്റുവാങ്ങി അന്ന് വൈകുന്നേരത്തോടെ കൽക്കുളം ശ്രീനീലകണ്ഠ പെരുമാൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന് വിശ്രമിക്കുന്നു. തുടർന്ന് 01-10-2024 ന് രാവിലെ 4.30 മണിയോടുകൂടി വേളിമലകുമാര കോവിലിൽ നിന്നും പല്ലക്കിൽ പുറത്തിറങ്ങുന്ന വേലായുധ പെരുമാൾ ഊരുവലം വച്ച് 6.30 മണിയോടുകൂടി പത്മനാഭപുരം കൊട്ടാരത്തിൽ എത്തിച്ചേരുകയും മുൻ ഉദിത്തനങ്ക ദേവിയോടൊപ്പം ഏഴരക്കും എട്ടരക്കും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ശ്രീപത്മനാഭ ദാസനായ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സിൻ്റെ ഉടവാൾ രാജപ്രതിനിധി ഉപരിക്ക മാളികയിൽ നിന്നും ആചാരപൂർവ്വം കൈമാറി ആനപ്പുറത്ത് എഴുന്നള്ളി നിൽക്കുന്ന തേവാരക്കെട്ടിൽ സരസ്വതി ദേവിയോടൊപ്പം മൂവരും ഒരുമിച്ച് 11 മണിയോടുകൂടി കേരളപുരം ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുകയും വേലായുധ പെരുമാളും മുൻ ഉദിത്തനങ്ക ദേവിയും അവിടെത്തന്നെ വിശ്രമിക്കുമ്പോൾ സരസ്വതി ദേവി തൊട്ടടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വിശ്രമിക്കുന്നു.
ഏകദേശം മൂന്ന് മണിയോടുകൂടി വീണ്ടും യാത്ര തിരിച്ച് വൈകുന്നേരത്തോടെ വിഗ്രഹ ഘോഷയാത്ര കുഴിത്തുറ ശ്രീമഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. അതേസമയം വേളിമലകുമാരകോവിൽ നിന്നും വേലായുധ പെരുമാളിനോടൊപ്പം പുലർച്ചെ 4. 30 മണിക്ക്അനന്തപുരിയിലേക്ക് പുറപ്പെടുന്ന വെള്ളി കുതിര കുഴിത്തുറശ്രീ മഹാദേവ ക്ഷേത്രത്തിലും,നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും തങ്ങിയ ശേഷം കരമന ആവടൈയമ്മൻ ക്ഷേത്രത്തിൽ എത്തുന്നു.തുടർന്ന് പല്ലക്കിൽ എത്തുന്ന വേലായുധ പെരുമാളിനെ വെള്ളിക്കുതിരയിൽ അലങ്കരിക്കുന്നു.കരമന മുതൽ മാത്രമാണ് വെള്ളിക്കുതിര ഘോഷയാത്രയിൽ പങ്കുചേരുന്നത്. 02-10-2024 ന് കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും രാവിലെ എട്ടുമണിക്ക് യാത്ര തിരിക്കുന്ന വിഗ്രഹ ഘോഷയാത്ര കേരള – തമിഴ്നാട് അതിർത്തിയായ കളിക്കാവിളയിൽ രാവിലെ പത്തര മണിയോടുകൂടി എത്തിച്ചേരുകയും അവിടെനിന്നും വിശിഷ്ടാതിഥികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയോടു കൂടി പാറശാലശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തി വിശ്രമിച്ച ശേഷം വൈകുന്നേരത്തോടെനെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ എത്തുന്നു. 03- 10 -2024 രാവിലെ 7 മണിക്ക് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും അനന്തപുരിയിലേക്ക് യാത്ര തിരിക്കുന്ന വിഗ്രഹ ഘോഷയാത്ര വൈകുന്നേരം നാലുമണിയോടുകൂടി കരമന അവടടൈയമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേരുകയും അവിടെവെച്ച് വേലായുധ പെരുമാളിനെ പല്ലക്കിൽ നിന്നും ഇറക്കി വെല്ലിക്കുതിരയിൽ അലങ്കരിച്ച് സന്ധ്യയോട് കൂടി മൂവരും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള നവരാത്രി മണ്ഡപത്തിന്റെ നടയിലെത്തുമ്പോൾ വലിയ തമ്പുരാൻ പകിടശാല നടയിൽ എഴുന്നള്ളി കാണിക്ക അർപ്പിച്ചശേഷം ദീപാരാധന നടത്തി സരസ്വതി ദേവിയെ ആനപ്പുറത്ത് നിന്നും ഇറക്കി കൊട്ടാരത്തിലെ ഇടക്കെട്ടിൽ ആറാട്ടിനായി കൊണ്ടുവരുമ്പോൾ മേലായുധ പെരുമാളും മുൻഉദിത്തനങ്ക ദേവിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രദക്ഷിണമായി തെക്കേ തെരുവും പടിഞ്ഞാറെ തെരുവും കടന്ന് യഥാക്രമം ആര്യശാല,ചെന്തിട്ട ദേവീക്ഷേത്രങ്ങളിൽ എത്തുന്നു. ഒൻപത്രാവുകളുടെയും പത്ത് പകലുകളുടെയും നവരാത്രി പൂജകൾക്ക് ശേഷം വിജയദശമി ദിനമായ ഒക്ടോബർ 13 ന് രാവിലെ എട്ടു മണിയോടുകൂടി ആര്യശാല ദേവീക്ഷേത്രത്തിൽ നിന്നും വേലായുധ പെരുമാൾ വേട്ടയ്ക്കായി പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളുകയും വൈകുന്നേരം 5 മണിയോടുകൂടി ചെന്തിട്ട ദേവി ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി ചാലയിൽ എത്തിനിൽക്കുന്ന മുൻ ഉദിത്തനങ്ക ദേവിയെയും കൂട്ടി സന്ധ്യയോടുകൂടി പകിടശാല മണ്ഡപത്തിൽ എത്തി വലിയ തമ്പുരാൻറെ കാണിക്കുകയും സ്വീകരിച്ച് ദീപാരാധനയും കഴിഞ്ഞ് ദേവി ദേവന്മാരെ പൂജകൾക്കായി കൂടിയിരുത്തിയിരിക്കുന്ന അതത് ക്ഷേത്രങ്ങളിലേക്ക് തിരിച്ചെത്തുന്നു. പതിനാലാം തീയതി ഒരു ദിവസത്തെ നല്ലിരിപ്പിന് ശേഷം പതിനഞ്ചാം തീയതി രാവിലെ എട്ടു മണിയോടുകൂടി മുവരും വീണ്ടും ഘോഷയാത്രയായി പഴയ നാട്ടിലെ അവരവരുടെ മാതൃ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുകയും യഥാക്രമം പതിനഞ്ചാം തീയതി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പതിനാറാം തീയതി കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിലും പതിനേഴാം തീയതി പത്മനാഭപുരം കൊട്ടാരത്തിലും പതിനെട്ടാം തീയതി ശുചീന്ദ്രത്തും തിരിച്ചെത്തുന്നു.