കൊരട്ടി: ജര്‍മനിയില്‍ നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍.കേസിലെ മുഖ്യപ്രതിയായ മേലൂര്‍ കരുവാപ്പടി നന്ദീവരം വീട്ടില്‍ ഋഷികേശ് (29) അറസ്റ്റിലായി. വിദേശത്തും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മറ്റും ഒളിവില്‍ കഴിഞ്ഞുവരവേ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
മുംബൈ വിമാനത്താവളത്തില്‍ നിന്നും അര്‍മേനിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി കൊരട്ടി പോലീസിന് കൈമാറുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ അമ്മയുമായ ഉഷവര്‍മ നിലവില്‍ ഒളിവിലാണ്. കൊരട്ടി സ്വദേശിനിയുടെ കൈയില്‍ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ കണ്ണികളിലൊരാളായ കൂത്താട്ടുകളം തിരുമാറാടി ഗ്രേസി മത്തായിയെ (52)ഒരുവര്‍ഷം മുമ്പ് കൊരട്ടി പോലീസ് പിടികൂടിയിരുന്നു.കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ ഇയാള്‍ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം.