ചെറുതുരുത്തി: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിലെ മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി വാഴക്കോട് ബി ആര്‍ ഡി ഷോറൂമിന് സമീപം താമസിക്കുന്ന മണിയഞ്ചിറ വീട്ടില്‍ റോയ്, കൂട്ടാളി ജോബി എന്നിവരാണ് ഇന്ന് രാവിലെ 7 മണിയോടെ മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുമ്പാകെ കീഴടങ്ങിയത്.തൃശ്ശൂരിലെ ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കര വാഴക്കോട് റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ എസ്റ്റേറ്റ്. സംഭവത്തില്‍ പത്തോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പട്ടിമറ്റത്ത് നിന്നും പിടിയിലായ അഖില്‍ മോഹനനെയും ഒന്നാം പ്രതി റോയിക്കുമെതിരെയാണ് എഫ്‌ഐആര് സമര്‍പ്പിച്ചിട്ടുള്ളത്.പ്രതി റോയിയെ തേടി ഉദ്യോഗസ്ഥ സംഘം ഗോവയ്ക്ക് പോയെങ്കിലും പിടികൂടാനായിരുന്നില്ല. ഗോവയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചതില്‍ നിന്നും, കുറച്ച് ദിവസം മുമ്പ് റോയി വിളിച്ചിരുന്നതായും താനൊരു പ്രശ്‌നത്തില്‍പ്പെട്ടിരിക്കുകയാണെന്നും കുറച്ച് ദിവസം തന്നെ വിളിക്കരുതെന്നും പറഞ്ഞതായി ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.