ചെറുതുരുത്തി: ആക്രിക്കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍.പട്ടാമ്പി തൃത്താല ഫരീദാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമ്മ വീട്ടില്‍ ഗോപി (26), കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സ് നാഗേഷ് (31) എന്നിവരെയാണ് പിടികൂടിയത്. ചെറുതുരുത്തി പൊലീസും നാട്ടുകാരും ഓടിച്ചിട്ടാണ് ഇവരെ പിടികൂടിയത്.ദേശമംഗലം തലശേരി കൂട്ടപാതയില്‍ ബാവയുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയില്‍ ചൊവ്വാഴ്ച പുലര്‍ച്ച മോഷണം നടത്തുമ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടൻ ചെറുതുരുത്തി പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തുമ്പോഴേക്കും റബര്‍ തോട്ടത്തിലേക്ക് ഓടിമറഞ്ഞ പ്രതികളെ നാട്ടുകാരും പൊലീസും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. പ്രതികള്‍ കൊണ്ടുവന്നിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.