കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കല്‍ സുബിൻ ഫ്രാൻസീസ് (35) കൊല്ലപ്പെട്ട സംഭവത്തില്‍ സുവർണഗിരി വെണ്‍മാന്ത്ര ബാബുവിനെ പോലീസ് പിടികൂടി.കട്ടപ്പന സുവർണഗിരിയില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്. ഭാര്യ വീട്ടിലെത്തിയ സുബിനും അയല്‍വാസിയായ ബാബുവും തമ്മില്‍ വാക്കുതർക്കവും ഉണ്ടാകുകയും അത് സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു.
വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികള്‍ പോലീസില്‍ ലഭിച്ചിട്ടുണ്ട്. ലഹരിക്കടിമയായ ബാബു ആക്രമണത്തിന് ശേഷം വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ബാബു ആക്രമിച്ചു.