കോഴിക്കോട്: മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വെച്ചുമറന്നതിനെ തുടര്‍ന്ന് തനിക്കുണ്ടായ ദുരിതത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷിന നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം യുവതി സിറ്റി പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് 2017ല്‍ ചികിത്സിച്ച ഡോ. വിനയചന്ദ്രന്‍, ഡോ. സജല, മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. കെ. ശ്രീകുമാര്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്. ഐ.പി.സി 338 പ്രകാരമാണ് കേസ് അതേസമയം, സിസേറിയന്‍ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയോപകരണം വെച്ചുമറന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് കുറ്റക്കാരെ കണ്ടെത്താനാവില്ലെന്ന കൈമലര്‍ത്തല്‍. തുടക്കം മുതല്‍ അന്വേഷിച്ചവര്‍ പറഞ്ഞ കാര്യങ്ങളാണ്ഇപ്പോഴും ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്.
കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ഇന്‍സ്ട്രുമെന്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ കണക്കുപ്രകാരമുള്ള ഉപകരണങ്ങള്‍ അവിടെയുണ്ടെന്ന വാദമാണ് വിദഗ്ധ സമിതിയുടേതായി പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയാറാവുന്നില്ല.2017ലാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ അടിവാരം സ്വദേശി ഹര്‍ഷിന സിസേറിയന് വിധേയയായത്. അന്നത്തെ രേഖകള്‍ പരിശോധിച്ചാണ് ശസ്ത്രക്രിയോപകരണമായ ഫോര്‍സെപ്സ് ഇവിടുത്തേതല്ലെന്ന് അധികൃതര്‍ പറയുന്നത്. 2012ലും 2016ലും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സിസേറിയന്‍ ശസ്ത്രക്രിയ നടന്നിരുന്നു.അന്ന് ഇന്‍സ്ട്രുമെന്റേഷന്‍ രജിസ്റ്റര്‍ ഇല്ലായിരുന്നുവെന്നാണ് സമിതി റിപ്പോര്‍ട്ട്. എന്നാല്‍ വീഴ്ച സംഭവിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍തന്നെയാണെന്ന് ഹര്‍ഷിന പറഞ്ഞു. അതിന് ശേഷമാണ് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്..