വെള്ളറട: പുരയിടത്തില്‍ കിടന്ന നാടന്‍ പടക്കം എടുക്കവെ പൊട്ടിത്തെറിച്ച് ഗൃഹനാഥന്റെ ഇടതുകൈയിലെ വിരലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കോവില്ലൂര്‍ മീതി ഉൗറ്റുകുഴി തെക്കിന്‍കര വീട്ടില്‍ വിജയന്‍ കാണിയെയാണ് (62) നാടന്‍ പടക്കവും വെടിമരുന്നുമായി വെള്ളറട പൊലീസ് പിടികൂടിയത്. കോവില്ലൂര്‍ വയലിങ്ങല്‍ റോഡരികത്ത് വീട്ടില്‍ ചന്ദ്രന്റെ (56) കൈവിരലുകളാണ് നഷ്ടപ്പെട്ടത്. ഏതാനും ദിവസം മുന്‍പ് ടാപ്പിംഗിന് പോയിട്ട് വരികയായിരുന്ന ചന്ദ്രന്‍ പുരയിടത്തില്‍ കിടന്ന നാടന്‍ പടക്കം എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ വിജയന്‍ കാണിയുടെ വീട്ടില്‍ നിന്ന് പടക്കവും വെടിമരുന്നും പൊലീസ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് പിടിച്ചെടുത്ത പടക്കങ്ങള്‍ നിര്‍വീര്യമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.