തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് തമിഴ്നാട്ടില്‍ കൊണ്ടുപോയി പൊളിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍.തഞ്ചാവൂര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് (34) പേട്ട പൊലീസ് തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്. വാഹന ഡീലറായ ഇ.വി.എം ഗ്രൂപ്പിന്റെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്കെടുത്ത ആഡംബര കാര്‍ കോയമ്ബത്തൂരില്‍ പൊളിച്ചുവില്‍പ്പന സംഘത്തിന് മറിച്ചുവിറ്റ കേസിലാണ് അറസ്റ്റ്. തട്ടിപ്പിനുപയോഗിച്ച കാര്‍ തമിഴ്നാട്ടില്‍ പൊലീസ് കണ്ടെത്തി. റെന്റ് എ കാര്‍ ബിസിനസ്സ് നടത്തുന്നവരില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചുവില്‍ക്കല്‍ സംഘത്തിന് കൈമാറി പണം വാങ്ങുന്ന സന്തോഷിനെതിരെ സമാനമായ കേസുകളുള്ളതായി പേട്ട പൊലീസ് വെളിപ്പെടുത്തി.പുതിയ കാറുകള്‍ വ്യാജ നമ്ബര്‍ പ്ലേറ്റ് വച്ച് തമിഴ്നാട്ടില്‍ വാടകയ്ക്ക് നല്‍കുന്നതും ഇയാളുടെ മറ്രൊരു തട്ടിപ്പാണ്. ജി.പി.എസ് സഹായത്തോടെ വാഹനത്തിന്റെ ലൊക്കേഷന്‍ മനസിലാക്കി വാടകഗുണ്ടകളെ നിയോഗിച്ച് വാഹനം തട്ടിയെടുക്കുന്ന ഇയാള്‍ വാഹനം നഷ്ടപ്പെട്ടതിന് വാടകക്കാരെ വിരട്ടി വന്‍തുക നേടിയെടുക്കും. തമിഴ്നാട്ടില്‍ ഹണിട്രാപ്പ് സഹിതം മൂന്ന് കേസില്‍ പ്രതിയായ ഇയാള്‍ ഇത്തരത്തില്‍ വ്യത്യസ്തമായ തട്ടിപ്പുകളാണ് നടത്തിവന്നിരുന്നത്.