തിരുവനന്തപുരം: മെഡിക്കൽകോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. ചോദ്യം ചെയ്യലിനിടെ ഇയാൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബുധൻ പകൽ മൂന്നോടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനാണ് ഇയാൾ എത്തിയതെന്നാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. അത്യാഹിത വിഭാഗം കവാടത്തിൽ ഡ്യൂട്ടിക്കു നിന്ന സുരക്ഷാ ജീവനക്കാരെ അവഗണിച്ച് ഇയാൾ അകത്തേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാരി തടഞ്ഞപ്പോൾ ഇയാൾ പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന എയർ പിസ്റ്റൽ ഉയർത്തിക്കാട്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാർ തോക്കു പിടിച്ചു വാങ്ങി ചോദ്യം ചെയ്യുന്നതിനിടെ തോക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾ കല്ലമ്പലം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ സതീഷ് സാവൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സർജൻ്റ് പ്രവീൺ രവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. തോക്കും പൊലീസിനു കൈമാറിയിട്ടുണ്ട്.
ചിത്രം: തോക്കുമായി അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറിയയാളെ സുരക്ഷാ ജീവനക്കാർ പിടികൂടിയപ്പോൾ