പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച

തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച്‌ പണവും ആഭരണവും കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍.പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസില്‍ പ്രതിയായ ഫസീല ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിനു സമീപം സാൻ പ്രീമിയർ ചിട്ടി സ്ഥാപനയുടമ തൃപ്പൂണിത്തുറ കീഴത്ത് വീട്ടില്‍ കെ.എൻ. സുകുമാര മേനോനാണ് (72) കഴിഞ്ഞ 21-ന് കാലത്ത് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.ഓഫീസിലെ മേശയില്‍നിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടരപവന്റെ മാലയും ഇവർ കവർന്നിരുന്നു. കണ്ണിന്റെ ഭാഗം മാത്രം തുറന്ന രീതിയിലുള്ള കറുത്ത പർദ ധരിച്ചു വന്നയാളാണ് പെട്ടെന്ന് മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് തന്നെ ആക്രമിച്ച്‌ പണവും ആഭരണവും കവർന്നതെന്ന് സുകുമാര മേനോൻ പറഞ്ഞിരുന്നു.
പർദ ധരിച്ചെത്തിയ പുരുഷനായിരുന്നു അക്രമി എന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍, പോലീസ് ഒട്ടേറെ സി.സി.ടി.വി. ക്യാമറകളടക്കം പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കവർച്ച നടത്തിയത് സ്ത്രീ തന്നെയാണെന്ന് ഉറപ്പിച്ചു. ഇവർ കവർച്ചയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ കണ്ണൻകുളങ്ങരയില്‍ വന്നിറങ്ങി പർദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച്‌ നടന്നുവരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫസീല അറസ്റ്റിലായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 3 =