കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാറിലുണ്ടായിരുന്ന വർക്‌ഷോപ് ഉടമ വെന്തുമരിച്ചു.കോഴിക്കോട് കോർപറേഷനില്‍നിന്നു ഡ്രൈവറായി വിരമിച്ച ചേളന്നൂർ കുമാരസാമി സ്വദേശി പുന്നശേരി വീട്ടില്‍ പി. മോഹൻദാസ് (65)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു ദാരുണസംഭവം. ബീച്ച് റോഡിലൂടെ വേങ്ങാലി ഭാഗത്തേക്കു പോയ കാറില്‍നിന്നു പുക ഉയരുന്നത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.പിന്തുടർന്ന ട്രാഫിക് പോലീസുകാർ വാഹനം നിർത്താനായി ആവശ്യപ്പെട്ടു. കാർ റോഡരികിലേക്ക് ഒതുക്കിയപ്പോഴേക്കും തീ പടരുകയായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും കാറിന്‍റെ ഡോർ തുറന്നുവെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങിപ്പോയതിനാല്‍മോഹൻദാസിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർ ഫോഴ്സ് എത്തിയാണു തീ അണച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാറിന്‍റെ മുൻഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണ് ഫയർഫോഴ്സിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.