യുഎഇ: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ മടക്കയാത്ര നാളെ ആരംഭിക്കും. ഹജ്ജ് നിർവഹിച്ച മലയാളികളുടെ ആദ്യ ബാച്ച് നാളെ കൊച്ചിയിലേക്ക് മടങ്ങും. ഹജ്ജിന് മുമ്പ് മദീന സന്ദർശിക്കാത്ത ഇന്ത്യൻ തീർത്ഥാടകരുടെ മദീന സന്ദർശനവും നാളെ ആരംഭിക്കും.ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് എത്തിയ തീർത്ഥാടകർ നാളെ നാട്ടിലേക്ക് മടക്കയാത്ര ആരംഭിക്കും. ആദ്യ ദിവസം ജിദ്ദയിൽ നിന്ന് നാല് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് വിമാനങ്ങൾ കൊച്ചിയിലേക്കും ഒരെണ്ണം ഡൽഹിയിലേക്കും ഒരെണ്ണം ശ്രീനഗറിലേക്കും ആണ്. ജൂൺ നാലിന് ആദ്യ ഹജ്ജ് വിമാനത്തിൽ കേരളത്തിൽ നിന്നെത്തിയ 377 തീർത്ഥാടകർ നാളെ കൊച്ചിയിലേക്ക് മടങ്ങും.
ജിദ്ദയിൽ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന വിമാനം രാത്രി 10.45ന് കൊച്ചിയിലെത്തും. മന്ത്രി വി അബ്ദുറഹ്മാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഹജ്ജ് കമ്മിറ്റി പ്രതിനിധികളും സംഘത്തെ സ്വീകരിക്കും. സൗദി എയർലൈൻസ് കേരളത്തിലേക്ക് ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. നാട്ടിലെത്തുന്ന ഓരോ ഹാജിക്കും 5 ലിറ്റർ സംസം വിമാനത്താവളത്തിൽ വിതരണം ചെയ്യും. നേരത്തെ, സൗദി എയർലൈൻസ് വിമാനത്താവളത്തിൽ തീർത്ഥാടകർക്ക് സംസം എത്തിച്ചിരുന്നു.