തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനം പ്രതിരോധച്ചങ്ങല തീര്‍ക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് 3.30ന് നിര്‍വഹിക്കും.എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ഗ്രന്ഥശാലകളും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം ശൃംഖലയില്‍ കണ്ണി ചേരും. ഉച്ചയ്ക്ക് 2.30ന് തന്നെ ശൃംഖലയ്ക്കായി കേന്ദ്രീകരിക്കണം. ട്രയലിന് ശേഷം കൃത്യം മൂന്ന് മണിക്ക് ശൃംഖല തീര്‍ക്കും. ശേഷം എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കും. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യങ്കാളി സ്ക്വയര്‍ വരെയാണ് ശൃംഖല.ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും നടക്കും. വാര്‍ഡുകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രങ്ങളിലായിരിക്കും പരിപാടി.തിരുവനന്തപുരത്ത് മന്ത്രിമാരായ കെ.രാജന്‍, എം.ബി രാജേഷ്, വി. ശിവന്‍കുട്ടി, ഡോ. ആര്‍.ബിന്ദു, ജി.ആര്‍ അനില്‍, ആന്‍റണി രാജു , വീണാ ജോര്‍ജ് എന്നിവര്‍ കണ്ണി ചേരും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ കൊല്ലം കലക്ടറേറ്റിലും ജെ.ചിഞ്ചുറാണി ചടമംഗലം കരുവോണ്‍ സ്കൂളിലും ശൃംഖലയുടെ ഭാഗമാകും.