നെടുങ്കണ്ടം : മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീണ് വിദ്യാര്‍ഥിനി മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക(16) ആണ് മരിച്ചത്. ബുധന്‍ രാവിലെ എട്ടോടെയായിരുന്നു അപകടം. അനാമികയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പടുതാക്കുളത്തില്‍ വീണതായി കണ്ടെത്തിയത്.
ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പടുതാക്കുളത്തിലും സമീപത്തും ചെരിപ്പുകള്‍ കണ്ടെത്തി. വീട്ടുകാര്‍ അലമുറയിട്ടതിനെതുടര്‍ന്ന് നാട്ടുകാരെത്തി തിരച്ചില്‍നടത്തി. ആദ്യം കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പടുതാക്കുളത്തിന്റെ ഒരുഭാഗം തകര്‍ത്ത്ജലം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇതോടെ കുട്ടിയെ അടിത്തട്ടില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.