രാത്രിയില്‍ മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടിയ പ്രതി ആശുപത്രിയിൽ മരിച്ചു

തിരുവനന്തപുരം ∙ രാത്രിയില്‍ മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച പ്രതി ജാമ്യത്തിലിറങ്ങി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചു.മംഗലപുരം വേങ്ങോട് മണലകം തടത്തുവിളാകം വീട്ടില്‍ തുളസി (50)യാണു മരിച്ചത്. ഇയാള്‍ക്കു മര്‍ദനമേറ്റിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആറ്റിങ്ങല്‍ പൊലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ജാമ്യത്തില്‍ വിടുമ്പോള്‍ തുളസി അവശനായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ 28നു രാത്രിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. അഴൂര്‍ പെരുങ്ങുഴി മടയ്ക്കല്‍ ശിവപാര്‍വതി ക്ഷേത്രത്തിനടുത്തു സംശയാസ്പദമായ രീതിയില്‍ നിന്ന തുളസിയെ, സ്ഥലത്തെ വീടുകളില്‍നിന്നു മോഷ്ടിച്ച പാത്രങ്ങളുമായി സമീപവാസികള്‍ ചേര്‍ന്നാണു പിടികൂടിയത്. തുടര്‍ന്ന് ഇയാളുടെ കൈകള്‍ കെട്ടിയ ശേഷം ചിറയിന്‍കീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.29നു രാത്രി ബന്ധുക്കളെ വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടു. വീട്ടിലെത്തിയ പ്രതിക്ക് അടിവയറ്റില്‍ കടുത്തവേദനയുണ്ടായതിനെത്തുടര്‍ന്നു വേങ്ങോട് പിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥ കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ മരിച്ചു. 12വര്‍ഷം മുന്‍പ് അള്‍സര്‍ ബാധിച്ച്‌ ഇയാള്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. സ്കാനിങ്ങില്‍ ചെറുകുടലിലും മറ്റും മാരകമായ മുറിവ് കണ്ടെത്തിയിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − 9 =