തൊടുപുഴ: വീട്ടമ്മയുടെ അഞ്ചു പവന്റെ മാല മോഷ്ടിച്ച് ഓടിയ കള്ളനെ നാട്ടുകാര്‍ ഒടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല കള്ളന്‍ പൊട്ടിച്ചു കൊണ്ടോടിയത്. അടിമാലി തോക്കുപാറ ഇല്ലിക്കല്‍ അജിത്ത് (29) ആണ് മോഷണക്കേസില്‍ അറസ്റ്റിലായത്. തൊടുപുഴ – പാലാ റൂട്ടില്‍ അറയ്ക്കപ്പാറയിലേക്കുള്ള ഇടവഴിയില്‍ ഇന്നലെ രാവിലെ 11.45നാണു സംഭവം.വഴിചോദിച്ചെത്തിയ മോഷ്ടാവ് ചാലിക്കുന്നേല്‍ ചിന്നമ്മ ജോസിന്റെ (57) മാലയാണ് പൊട്ടിച്ചെടുത്തത്. സമീപത്തുള്ള ധ്യാനകേന്ദ്രത്തിലേക്കു വഴി ചോദിച്ചെത്തിയ പ്രതി ചിന്നമ്മയെ തള്ളിയിട്ട ശേഷം മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ പിന്നാലെയോടി ഇയാളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലില്‍ ഈ സംഭവത്തിനു തൊട്ടുമുന്‍പ് ഇതേ റോഡിന്റെ മറുഭാഗത്തു വച്ച് കല്യാണി (87) എന്ന സ്ത്രീയുടെ മാലയും പൊട്ടിച്ചതായി ഇയാള്‍ സമ്മതിച്ചു. അതു മുക്കുപണ്ടമാണെന്നു കല്യാണി വിളിച്ചു പറഞ്ഞതിനാല്‍ അജിത്ത് മറുവശത്തെത്തി ചിന്നമ്മയുടെ മാല കൂടി പൊട്ടിക്കുകയായിരുന്നു.