തൊടുപുഴ: തൊടുപുഴയില്‍ കൂട്ട ആത്മഹത്യയ്‌ക്കു ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ചിറ്റൂര്‍ പുല്ലറയ്‌ക്കല്‍ ആന്റണി-ജെസി ദമ്പതികളുടെ മകള്‍ സില്‍ന(21)യാണ് മരിച്ചത്.ആന്റണിയും ജെസിയും ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയിരുന്നു.
കഴിഞ്ഞ 30-ന് രാത്രിയാണ് തൊടുപുഴ ചിറ്റൂര്‍ പുല്ലറയ്‌ക്കല്‍ ആന്റണി, ഭാര്യ ജെസി, മകള്‍ സില്‍ന എന്നിവരെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും വിഷം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. അതീവ ഗുരുതരാവസ്‌ഥയിലായ മൂവരെയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ ജെസിയാണ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമൂലം ആദ്യം മരണത്തിന് കീഴടങ്ങിയത്. പിന്നീട് ഭര്‍ത്താവ് ആന്റണിയും മരിച്ചു. ഇന്നലെ രാവിലെയോടെയാണു മകള്‍ സില്‍നമരിച്ചത്.
തൊടുപുഴ ഗാന്ധി സ്‌ക്വയറിനടുത്ത് ബേക്കറി നടത്തുകയായിരുന്നു ആന്റണി. സാമ്ബത്തിക ബാധ്യതയാണ് മൂന്നു പേരുടെയും ആത്മഹത്യയ്‌ക്കിടയാക്കിയതെന്നാണു പോലീസ് നല്‍കുന്ന വിവരം. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ നേരത്തേ അടിമാലി ആനച്ചാലില്‍ ആയിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്കു വന്നത്. സില്‍ന അല്‍ അസ്‌ഹര്‍ കോളജിലെ അവസാന വര്‍ഷ ബി.സി.എ. വിദ്യാര്‍ഥിനിയാണ്. ആന്റണിയുടെ മൂത്ത മകന്‍ സിബിന്‍ മംഗലാപുരത്ത് ജോലി ചെയ്യുകയായിരുന്നു.