വിഴിഞ്ഞം: വീട്ടില്‍ കയറാനാകാത്ത വിധം വാഹനം പാര്‍ക്കു ചെയ്തതു ചോദ്യം ചെയ്ത വീട്ടുടമക്കും പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനും രണ്ടംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം.തടയാനെത്തിയ വീട്ടുടമയുടെ ഭാര്യയെ ഇവര്‍ തള്ളി വീഴ്ത്തി. മൂത്തമകനും പരുക്കുണ്ട്. അക്രമി സംഘത്തിലെ ഒരാളെ കോവളം പൊലീസ് പിടികൂടി. ഇന്നലെ രാത്രി 8.30നു ശേഷം നടന്ന സംഭവത്തില്‍ കോവളം നെടുമം കണ്ണങ്കോട് ജിവി രാജ റോഡില്‍ ഗീതാ സദനത്തില്‍ വിജയന്‍(60), ഇളയ മകന്‍ അനന്തു(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപ്രതിയിലെത്തിച്ചു.പുറത്തു പോയി സ്കൂട്ടറില്‍ മടങ്ങിയെത്തിയ വിജയനും മകനും വീട്ടിലേക്ക് പ്രവേശിക്കാനാകാത്ത വിധം ഗേറ്റിന് മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്തത് മാറ്റാനാവശ്യപ്പെട്ടതാണ് ആക്രമണത്തിന്കാരണം. വീട്ടിലുണ്ടായിരുന്ന വിജയന്റെ ഭാര്യ സിന്ധുവും മൂത്തമകന്‍ ചന്തുവും ബഹളം കേട്ടെത്തുമ്പോള്‍ പിതാവിനെയും അനുജനെയും രണ്ടുപേര്‍ ഗേറ്റിനകത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ചന്തു പറഞ്ഞു. താനും മാതാവും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാവിനെ തള്ളിവീഴ്ത്തിയെന്നും ചന്തു പറഞ്ഞു.