കോട്ടയം : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയാണ് മരിച്ചത്. 33 വയസാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. പരാതിയെ തുടര്‍ന്ന് തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയിരുന്നു. രശ്മിയുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സൂചന.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സാണ് രശ്മി. ഹോട്ടലില്‍ നിന്നും ഭക്ഷണംകഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ രശ്മിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വീണ്ടും മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയേറ്റ വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയത്.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.